Tuesday, January 17, 2012                                   മുത്ത് നബിയും 
                       പനിനീര്‍ പൂവും 
                                       - കെ .അബൂബക്കര്‍ കാണാമറയത്ത് എവിടെയോ ഒരു പനിനീര്‍ പൂവ് വിരിയുന്നു.പരിസരത്തെങ്ങും നറുമണം നിറയുന്നു.പ്രണയാതുരനായ കവി അതത്രയും ആവാഹിചെടുക്കുന്നു.ആത്മാവിന്‍റെ താഴ്വരയില്‍ ഒഴുകി നിറയുന്ന സുഗന്ധത്തിന്റെ സ്രോതസ്സ് തിരയുകയായി തന്‍റെ കണ്ണുകള്‍.

  ധ്യാനാത്മക അന്തരീക്ഷത്തില്‍ വിരിഞ്ഞുല്ലസിക്കുന്ന പനിനീര്‍ പൂവ് കണ്ടു കവി വിസ്മയം കൊള്ളുന്നു.ഖല്‍ബ് കവരുന്ന ഈ ചായച്ചേരുവ പനിനീര്‍പ്പൂവിന്നു കിട്ടിയത് എവിടുന്നാവാം?.ഉള്ളില്‍ വിസ്മയങ്ങള്‍ സ്രഷ്ടിക്കുന്ന സുഗന്ധം കൈവന്നത് എങ്ങനെ ആവാം?.ഇതളുകള്‍ക്ക് ഇത്ര മേല്‍ തണുപ്പും മൃധലതയും ലഭിച്ചത് ആരില്‍ നിന്നാവാം.

 അനുരാഗികളുടെ മനസ് അങ്ങനെ ആണ്.പിന്നെയും പിന്നെയും പ്രണയ പാത്രത്തിലേക്ക് പോകുവാന്‍ വെമ്പുമത്.അനുരാഗ തീവ്രത അറിയാത്തവര്‍ക്ക് അനാവശ്യമെന്ന് തോന്നാവുന്ന കാര്യങ്ങളില്‍ പോലും ധ്യനനിരതരാകുന്ന സ്വഭാവമാണ് അവരുടേത്.പ്രവാചകന്‍റെ നിറവും മണവും തേടി നടക്കുന്ന കണ്ണും നാസികയുമാണ് അവരുടേത്.മുത്ത് നബിയില്‍ നിന്നും സുഗന്ധം വമിചിരുന്നതായി അവര്‍ അറിഞ്ഞിട്ടുണ്ട്.ചുവപ്പ് രാശി ചേര്‍ന്ന വെളുപ്പ്‌ വര്‍ണത്തിലുള്ള തിരുമേനിയുടെ ശരീര ചാരുതയും അവര്‍ അറിഞ്ഞിട്ടുണ്ട്.

 കാല ദേശങ്ങളുടെ വിദൂരതയില്‍ നിന്ന് പ്രവഹിച്ചു കൊണ്ടിരുന്ന പ്രവാചക പൂ മണം തേടി അലയുന്ന അനുരാഗി ആണ് അയാള്‍.മരുഭൂ വിശാലതയില്‍ വസന്തം വിരിയിച്ച സൌന്ദര്യ രൂപത്തെ വാക്കുകളില്‍ വരഞ്ഞു വെക്കാന്‍ വെമ്പുന്ന കലാകാരനാണ് അയാള്‍.തിരു കരമോന്നു തൊടാനും അതിന്റെ തണുപ്പ് കൊണ്ട് കുളിര്‍ കൊള്ളുവാനും കൊതിക്കുന്ന കുതൂഹലമാണ് അയാള്‍.

 പതുക്കെ പതുക്കെ ആ അനുരാഗിയുടെ ഭാവനയില്‍ ഒരു സുഗന്ധ സ്രോതസ്സ് തെളിയുകയായി.അത് തന്‍റെ അനുരാഗ പാത്രമാല്ലാതെ മറ്റാരുമായിരുന്നില്ല.ചുവപ്പ് രാശിയുള്ള വെളുപ്പ നിറം കവി മനസ്സില്‍ ഒരു പ്രതീകം രൂപ പെടുന്നതിനു കാരണമായി.പനിനീര്‍ പൂവിന്റെ ഇതളുകള്‍ കണക്കെ നബി കരങ്ങള്‍ ആര്‍ദ്രത പകരുന്നവയാനെന്ന അറിവ് അതിനെ പിന്തുണച്ചു .അങ്ങനെ പനിനീര്‍ പൂവിനു മുത്ത് നബിയോട് ചേര്‍ത്ത് നിര്‍ത്താവുന്ന ഒരു കാവ്യ  പ്രതീകത്തിന്റെ പദവി കൈവരികയായിരുന്നു.

 പേര്‍ഷ്യയുടെ മാണിക്യം ജലാലുദ്ധീന്‍ റൂമി അതെടുത്ത് കാവ്യം ചമയ്ക്കുന്നു .


               " പനിനീര്‍ ചെടിയുടെ വേരും കവരവും
                   മുസ്ത്വഫയുടെ വശ്യ സ്വേദ കണങ്ങള്‍ തന്നെ
                  പനിനീര്‍ പൂവിന്‍റെ കുഞ്ഞു പനി മതി
                പൂര്‍ണ ചന്ദ്രനായി പരിലസിപ്പൂ പ്രവാചകക്കരുത്തല്‍ "

 പനിനീര്‍ച്ചെടിയുടെ  അസ്ഥിത്വം തന്നെ മുത്ത് നബിയുമായി ബന്ധപെട്ടതാണെന്നു കവി ഭാവന.അതെങ്ങനെ എന്നുള്ള ചോദ്യത്തിനു കവിക്ക്‌ തന്‍റേതായ ഒരു ഉത്തരവുമുണ്ട് .ദൈവിക സന്നിധിയിലേക്ക് പോയ പ്രവാചകന്‍റെ പ്രസിദ്ധമായ മിഅറാജു   യാത്ര. അന്നാണ് അത്  സംഭവിച്ചത്.തിരുമേനിയില്‍ നിന്ന് ഏതാനും വിയര്‍പ്പു തുള്ളികള്‍ മണ്ണില്‍ വീഴുകയായി.സുഗന്ധ പൂരിതമായ ആ സ്വേദ കണങ്ങളില്‍ നിന്നാണത്രേ ആദ്യത്തെ പനിനീര്‍ ചെടി കിളിര്‍ത്തുവന്നത് .ആത്മാവിലോളം പടരുന്ന സുഗന്ധം പനിനീര്‍ പൂവിനു കൈവന്നത് അങ്ങനെയാണത്രേ .കണ്ണില്‍ കൌതുകം നിരക്കുന്ന വര്‍ണ ചാരുത കൈവന്നതും അങ്ങനെ തന്നെ.പനിനീര്‍ പൂവിന്‍റെ നിറവും മണവും ആര്‍ദ്ര സ്പര്‍ശനവും കവി മനസ്സിനെ പ്രവാചകനിലേക്ക് നയിക്കുന്നു.കവി ഭാവനയില്‍ പനിനീര്‍ ചെടിക്ക് ഒരു ഉല്‍പ്പത്തി കഥ പിറക്കുന്നു.അത് അനുരാഗികളായ കവികള്‍ രചനയിലൂടെ ആവര്‍ത്തിക്കുന്നു.

" തേജസിയായ പ്രവാചകന്‍ പൂന്തോപ്പില്‍ പ്രവേശിക്കവേ
 പനിനീര്‍ പൂവിതളുകള്‍ നാണത്താല്‍ ചെങ്കാന്തിയാര്‍ന്നു" വെന്ന്
ഒരു പശ്തു ജനകീയ കാവ്യ ശകലം.പ്രവാചകന്‍റെ നിറം പനി നീര്‍ പൂവിനെ നാണിപ്പിക്കുമാര്‍ മികച്ചെതെന്നു കവി.
അങ്ങനെ അങ്ങനെ പ്രവാചക ഓര്‍മകളും സുഗന്ധം ചാര്‍ത്തി നില്‍ക്കുകയാണ്.
ഇതിനു അവസാനമില്ല.


                                   (source: sunni afcaar)1430 muharram 2008 dec 31
                                           page 10
      

No comments: