Monday, January 23, 2012

                                വിറക് കെട്ടിനുള്ളിലെ കാമുകന്‍ 
                                                                  -സിദ്ധീക്ക് മാഹിരി ,തൃപ്പനച്ചി പാലക്കാട്
                                                                                                                                               (പാലക്കല്‍ മുദറിസ് )

മുഹമ്മദ്‌ ഇബ്നു അബീബകര്‍ അല്‍ റശീദുല്‍ ബഗ്ദാദി (റ) ഹിജ്റ ആറാം നൂറ്റാണ്ടില്‍ ജനിച്ച മഹാന്‍ ആണ്.പ്രഗല്‍ഭ പണ്ഡിതനും സൂഫി വര്യനും ഉജ്ജ്വല  വാഗ്മിയും തികഞ്ഞ ഒരു പ്രവാചക പ്രേമിയുമായിരുന്നു അദ്ദേഹം.തന്‍റെ ജീവിതം മുഴുവന്‍ പ്രവാചക പ്രേമത്തിലും സ്വലാതിലും പ്രകീര്‍ത്തന കവിതകളിലുമായി മുന്നോട്ട് നീക്കാന്‍ തീരുമാനിച്ചവരായിരുന്നു.
എപ്പോയും പ്രവാചകരെ കുറിച്ച പറയുകയും പാടുകയും കരയുകയും വളരെ അധികം സ്വലതുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ പതിവായിരുന്നു.പ്രവാചക സ്നേഹത്താല്‍ അദ്ദേഹം ഊണും ഉറക്കവും ഉപേക്ഷിക്കാന്‍ തുടങ്ങി.പ്രവാചകരുടെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സന്നിധിയില്‍ എത്താന്‍ അധിയായി ആഗ്രഹിച്ചു.അതിനു വേണ്ട മാര്‍ഗ്ഗങ്ങള്‍ ചിന്തിച്ചു,അവിടെ എത്തിയ ശേഷമേ തനിക്ക് വിശ്രമമുള്ളൂ എന്ന് അദ്ദേഹം തീരുമാനിച്ചു.
ഒരു ദിവസം മദീനയിലേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ നടത്തി.യാത്രക്ക് വേണ്ട പണവും തയ്യാറാക്കി.തിയതിയും നിശ്ചയിച്ചു.അങ്ങനെ അദ്ദേഹം ബാഗ്ദാദില്‍ നിന്നും മദീനയിലോട്ട് പുറപെട്ടു.

അന്ന് രാത്രി മദീനയിലെ ഭരണാധികാരി ഒരു സ്വപ്നം കണ്ടു.തങ്ങള്‍ (സ്വല്ലല്ലാഹു അലൈഹി വസല്ലം) തന്‍റെ മുന്നില്‍ പ്രത്യക്ഷപെട്ടു പറഞ്ഞു ;ഇന്ന് ബാഗ്ദാദില്‍ നിന്ന് മുഹമ്മദ്‌ ഇബ്നു അബൂബകര്‍ റഷീദ് എന്ന് പേരുള്ള ഒരാള്‍ എന്നെ സിയാറത്ത് ചെയ്യാന്‍ വേണ്ടി മദീനയിലോട്ട് പുറപെട്ടിരിക്കുന്നു.അദ്ദേഹം എന്‍റെ അരികിലെത്തിയാല്‍ ഞാന്‍ റൌളയില്‍ നിന്ന് എഴുന്നേറ്റു അദ്ദേഹത്തിന്റെ കൈ പിടിച്ചു സ്വീകരിക്കും.ഞാന്‍ ഇപ്പോള്‍ റൌളയില്‍ നിന്ന് എഴുന്നേറ്റാല്‍ അത് ബുദ്ധിമുട്ടാണ്.
രാജാവ് ചോദിച്ചു ; അയാളെ എങ്ങനെയാണ് തിരിച്ചറിയുക നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം)
നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) പറഞ്ഞു ;എന്‍റെ പേര് കേട്ടാല്‍ അദ്ദേഹം ഉച്ചത്തില്‍ സ്വലാത്ത് ചൊല്ലും.എപ്പോഴും സ്വലാത്ത് ചൊല്ലി കൊണ്ടേയിരിക്കും

സ്വപ്നം കണ്ടു ഭരണാധികാരി ഞെട്ടി എണീറ്റു.തന്‍റെ മുഴുവന്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വിളിച്ചു വിഷയം ചര്‍ച്ച ചെയ്തു.ശേഷം മദീനയുടെ അതിര്‍ത്തികളില്‍ മുഴുവന്‍ കാവല്‍ക്കാരെ നിയോഗിച്ചു.
തങ്ങള്‍ (സ്വല്ലല്ലാഹു അലൈഹി വസല്ലം) പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ കാവല്‍ക്കാരെ അറിയിച്ചു.മുഹമ്മദ്‌ ഇബ്നു അബൂബക്ര്‍ എന്നവരെ മദീനയില്‍ കയറാന്‍ സമ്മതിക്കരുത് എന്ന് കാവല്‍ക്കാരെ അറിയിച്ചു.

അങ്ങനെ കാവല്‍ക്കാര്‍ മദീനയിലെകുള്ള ഓരോ വഴികളിലൂടെയും വരുന്നവരെ പരിശോദിക്കാന്‍ തുടങ്ങി.ദിവസങ്ങള്‍ക്ക് ശേഷം കരഞ്ഞു കലങ്ങിയ കണ്ണുകളും ചുക്കി ചുളിഞ്ഞ ശരീരവുമായി ഒരാള്‍ വരുന്നു.അയാളുടെ അധരങ്ങള്‍ എന്തോ മന്ത്രിക്കുന്നുണ്ട്.
പാറാവുകാര്‍ ചോദിച്ചു ;നിങ്ങളുടെ പേര് എന്ത്?
എന്‍റെ പേര്‍ മുഹമ്മദ്‌ അബൂബക്കര്‍
നിങ്ങളുടെ നാട് ?
ബാഗ്ദാദ്
നിങ്ങളുടെ ജോലി?
പ്രവാചക പ്രേമം

അപ്പോള്‍ അവരിലൊരാള്‍ പ്രവാചകരുടെ പേര് ഉച്ചരിച്ചു കേള്‍ക്കേണ്ട താമസം അദ്ദേഹം വളരെ ഉച്ചത്തില്‍ "സ്വല്ലല്ലാഹു  അലൈഹി വസല്ലം" എന്ന് ചൊല്ലി ഉടനെ അവര്‍ പറഞ്ഞു "തങ്ങള്‍ക്കു മദീനയിലേക്ക് പ്രവേശിക്കാന്‍ അനുമതി ഇല്ല .ഉടന്‍ ബാഗ്ദാദിലോട്ട്  മടങ്ങി പോവുക".
വളരെ വിഷമത്തോടെ അദ്ദേഹം നാട്ടിലോട്ട് മടങ്ങി.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മദീനയിലോട്ട് പുറപെട്ടു.അപ്പോഴും പഴയ സ്വപ്നവും പിടികൂടലും തിരിച്ചയക്കലും ആവര്‍ത്തിക്കപെട്ടു.ഒന്ന് കൂടെ പരിശ്രമിച്ചു കളയാമെന്ന തീരുമാനത്തില്‍ അദ്ദേഹം മൂന്നാമതും മദീനയിലേക്ക് യാത്ര തിരിച്ചു.അപ്പോഴും പഴയ സംഭവങ്ങള്‍ ആവര്‍ത്തിച്ചു വീട്ടിലോട്ട് മടങ്ങി പോരേണ്ടി വന്നു.
സഹിക്കാനായില്ല അദ്ദേഹത്തിന്.പടച്ചവനെ!ഞാനെന്തൊരു പാപിയാണ്.എന്‍റെ പാപങ്ങള്‍ കാരണമാണോ എനിക്ക് മദീനയിലേക്ക് അടുക്കാന്‍ സാധിക്കാത്തത്.?എനിക്ക് തങ്ങള്‍ (സ്വല്ലല്ലാഹു അലൈഹി വസല്ലം) യുടെ അടുത്ത ചെല്ലാന്‍ സാധിക്കുകയില്ലേ ?കരഞ്ഞു കൊണ്ട് വീണ്ടും ദിവസങ്ങള്‍ തള്ളിനീക്കി.
നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) യുടെ റൌളയില്‍ എത്താനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചു കൊണ്ടിരുന്നു.പാറാവുകാരുടെ കണ്ണില്‍ പെടാതെ മദീനയില്‍ പ്രവേശിക്കുക മാത്രമേ ഇനി പോംവഴിയുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കി.അതിനുള്ള തന്ത്രം അദ്ദേഹം കണ്ടു പിടിച്ചു.

തന്‍റെ നാട്ടിലെ ഏറ്റവും നല്ല ഒരു വിറക് വെട്ടുകാരനെ വിളിച്ചു വരുത്തി അദ്ദേഹം പറഞ്ഞു :നീ എന്‍റെ ഈ  തോട്ടത്തിലെ വിറകുകള്‍ വെട്ടി എന്നെ അതിന്റെ ഉള്ളില്‍ കിടത്തി മദീനയില്‍ എത്തിച്ചു തന്നാല്‍ എന്‍റെ സമ്പത്ത് മുഴുവന്‍ ഞാന്‍ നിനക്ക് തരാം.അങ്ങനെ വിറകു വെട്ടുകാരന്‍ മരങ്ങളെല്ലാം മുറിച്ചു അതിനുള്ളില്‍ മുഹമ്മദ്‌ ഇബ്നു അബൂബക്കര്‍ റഷീദ് (റ) നെ കിടത്തി ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ മദീനയെ ലകഷ്യമാക്കി യാത്ര തുടങ്ങി.
ഇത്തവണ തന്‍റെ ഹബീബിന്റെ അരികിലെത്താമെന്നു അദ്ദേഹം ഉറപിച്ചു.അദ്ദേഹം വിറക് കെട്ടിനകത്ത് നിന്നും സ്വലാത്തുകള്‍ ചൊല്ലി കൊണ്ടേയിരുന്നു.മദീനയില്‍ അടുക്കും തോറും സ്വലാത്തിന്റെ ശബ്ദം കൂടാന്‍ തുടങ്ങി.മദീനയുടെ അതിര്‍ത്തികളില്‍ സെക്യൂരിറ്റി വളരെ സജീവമായി രംഗത്തുണ്ട്.കാരണം എന്ത് ത്യാഗങ്ങളും സഹിച്ചു മദീനയില്‍ പ്രവേശിക്കാന്‍ മുഹമ്മദ്‌ ഇബ്നു അബൂബക്കര്‍(റ) പുറപെട്ട വിവരം നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) ഭരണാധികാരിക്ക് സ്വപ്നത്തില്‍ അറിയിച്ചു കൊടുത്തിട്ടുണ്ട്.
എന്നിരുന്നാലും പാറാവുകാര്‍ക്ക് പിടി കൊടുക്കാതെ വിറക് വെട്ടുകാരന്‍ വിറക് കെട്ടുമായി മദീനയിലേക്ക് പ്രവേശിച്ചു .പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷവും അവര്‍ണനീയമാണ്.താന്‍ രക്ഷപെട്ടുവെന്ന ചിന്തയിലും പ്രവാചക സ്നേഹത്തിലും നിയന്ത്രണം വിട്ട അദ്ദേഹം വിറകുകെട്ടിലിരിന്നു കൊണ്ട് വളരെ ഉച്ചത്തില്‍ സ്വലാത്ത് ചൊല്ലാന്‍ തുടങ്ങി.
വിറകുകെട്ടിന്റെ ഉള്ളില്‍ നിന്ന് ശബ്ദം കേട്ട പാറാവുകാരന്‍ വിറകുവെട്ടുകാരനെ തിരിച്ചു വിളിക്കുകയും വിറക് കെട്ടു നിലത് വെക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.പരിശോധനയില്‍ മുഹമ്മദ്‌ അബൂബക്കര്‍ (റ) അവര്‍കളെ അവര്‍ പിടി കൂടുകയും നാട്ടിലേക് തിരിച്ചയക്കുകയും ചെയ്തു.
വിതുമ്പുന്ന മനസ്സോടെ വിങ്ങിപൊട്ടി കൊണ്ട് മഹാനവര്കള്‍ നാട്ടിലേക് തന്നെ തിരിച്ചു.വഴിയില്‍ മദീനയുടെ ഭാഗത്ത്‌ നിന്ന് വരുന്ന കാറ്റിനെ പിടിച്ച് ചുംബിച്ചു  പ്രവാചക പ്രേമ ഗാനങ്ങള്‍ ആലപിച്ചു കൊണ്ടിരുന്നു.അദ്ദേഹം രചിച്ച പ്രവാചക പ്രേമ ഗാനങ്ങളാണ് ഖസീദത്തുല്‍ വിതരിയ്യ .

" സജ്ജനങ്ങള്‍ അവരുടെ യാത്ര അവസാനിപിച്ചുകൊണ്ട് മദീനയില്‍ താമസിക്കുന്നു.
  ആ പരിശുദ്ധ സ്ഥലത്ത് എത്തിച്ചേരാന്‍  എനിക്ക് സാധിച്ചിട്ടില്ല
  എന്‍റെ തെറ്റുകളും കുറ്റങ്ങളും നിമിത്തമാണ് ആ പരിശുദ്ധ സ്ഥലം എനിക്ക് തടയപെട്ടിരിക്കുന്നത്.
ഈ തടവുകാരനെ മോചിപ്പിക്കുന്നതും മദീനയില്‍ എത്തിചേരുന്നതും എപ്പോഴായിരിക്കും ?.
  മദീനയില്‍ നിന്ന് പ്രഭാത മാരുതന്‍ വീശുമ്പോള്‍ അതിന്റെ സുഗന്ധത്തില്‍ എനിക്ക് അതിയായ ആഗ്രഹം ജനിക്കുന്നു
നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) ക്കുള്ള എന്‍റെ അഭിവാദ്യങ്ങള്‍ ആ കാറ്റിനെ ഞാന്‍ ഏല്‍പ്പിക്കുന്നു.
മദീനയുടെ മന്ദമാരുതന്‍ നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) യുടെ പരിമളത്താല്‍ സുഗന്ധമുള്ളതായി തീര്‍ന്നിരിക്കുന്നു.ആ സുഗന്ധം ശ്വസിക്കുന്നവര്‍ക്കാന് സര്‍വ്വ വിജയവും."

എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉള്‍പെടുത്തിയ ഒരു വലിയ പ്രേമ ഗാനമാണ് ഖസീദത്തുല്‍ വിതരിയ്യ.
മദീനയിലേക്കുള്ള തന്‍റെ എല്ലാ ശ്രമങ്ങളും പരാജയപെട്ട ശേഷം അദ്ദേഹത്തിന് ഊണും ഉറക്കവും ഇല്ലാതായി.എപ്പോഴും മനസ്സില്‍ മദീന തന്നെ.മദീനയിലേക്ക് സ്വലാത്തിന്റെ നിലക്കാത്ത പ്രവാഹം.പ്രവാച്ചകരെയോര്‍ത്തു അവിടുത്തെ സിയാറത്ത് ചെയ്യാന്‍ കഴിയാത്തതില്‍ എപ്പോഴും കരച്ചില്‍ .സദാ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ .എന്നിട്ടും പ്രവാചകരെ സിയാറത്ത് ചെയ്യാന്‍ ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല.അവസാനം ആ പ്രേമ സാഗരത്തില്‍ മുങ്ങി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

No comments: